Saturday, December 29, 2007

വാന്‍ഡലിസം

ദുരുദ്ദേശത്തോടുകൂടി വിക്കിപീഡിയയില്‍ മോശമായ തിരുത്തലുകള്‍ നടത്തുന്നതിനാണ് വാന്‍ഡലിസം എന്നുപറയുക. ആര്‍ക്കും വിക്കിപീഡിയയില്‍ എഴുതാവുന്നതുകൊണ്ട് നല്ല ലേഖനങ്ങള്‍ ചില ഉപയോക്താക്കള്‍ വന്ന് പാടേ മായ്ച്ചുകളയുന്നതും, പരസ്പരബന്ധമില്ലാത്ത കാര്യങ്ങളും തമാശകളും എഴുതിവെക്കുന്നതും, ലേഖനങ്ങളില്‍ അശ്ലീല ചിത്രങ്ങള്‍ ചേര്‍ക്കുന്നതും ഒക്കെ വാന്‍ഡലിസത്തിന് ഉദാഹരണമാണ്. വാന്‍ഡലിസം കാണിക്കുന്ന ഉപയോക്താവിന് അങ്ങനെ ചെയ്യരുത് എന്ന് മറ്റു വിക്കിപീഡിയര്‍ താക്കീതു കൊടുക്കുന്നു. താക്കീതുകള്‍ കേള്‍ക്കാതെ വീണ്ടും ദുഷ്:പ്രവര്‍ത്തി തുടരുകയാണെങ്കില്‍ ഈ ഉപയോക്താവിനെ ഏതെങ്കിലും അഡ്മിന്മാര്‍ വീണ്ടും തിരുത്തുകള്‍ നടത്തുന്നതില്‍ നിന്നും തടയുന്നു.

പലപ്പോഴും പുതിയ ഉപയോക്താക്കള്‍ തങ്ങള്‍ക്ക് തിരുത്തലുകള്‍ വരുത്താന്‍ പറ്റുമോ എന്ന് പരീക്ഷിച്ചുനോക്കാന്‍ താളുകളില്‍ അര്‍ത്ഥമില്ലാത്ത തിരുത്തലുകള്‍ നടത്തി നോക്കാറുണ്ട്. ഇത് വാന്‍ഡലിസം അല്ല. മറ്റ് വിക്കിപീഡിയര്‍ സാധാരണയായി ഇത്തരം തിരുത്തലുകളോട് സഹിഷ്ണുക്കള്‍ ആണ്.

വിക്കിപീഡിയയില്‍ ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്ത് തിരുത്തലുകള്‍ നടത്താന്‍ സൌകര്യമുണ്ട്. കൂടുതലും വാന്‍ഡലിസം വരുന്നത് ലോഗിന്‍ ചെയ്യാത്ത ഉപയോക്താക്കളില്‍ നിന്നാണ് (അജ്ഞാത ഉപയോക്താക്കള്‍ എന്ന് ഇവരെ വിളിക്കുന്നു). വാന്‍ഡലിസം തടയുവാനായി അജ്ഞാത ഉപയോക്താക്കള്‍ക്ക് വിക്കിപീഡിയയില്‍ ചിത്രങ്ങള്‍ ചേര്‍ക്കാനോ പുതിയ ലേഖനങ്ങള്‍ തുടങ്ങുവാനോ ഉള്ള അനുമതി ഇല്ല. എന്നാല്‍ ഇവര്‍ക്ക് ഉള്ള ലേഖനങ്ങളില്‍ തിരുത്തലുകള്‍ നടത്തുവാനും ലേഖനങ്ങള്‍ മെച്ചപ്പെടുത്തുവാനും സാധിക്കും. പല ഉപയോക്താക്കളും ലോഗിന്‍ ചെയ്യാതെ തിരുത്തലുകള്‍ നടത്തുവാന്‍ ഇഷ്ടപ്പെടുന്നു. വിക്കിപീഡിയ ഇവരെ തടയുന്നില്ല.

വിക്കിപീഡിയയില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നല്ല. ചിലപ്പോഴെല്ലാം ചില സാമൂഹ്യവിരുദ്ധര്‍ സത്യവിരുദ്ധമായ വസ്തുതകളും സ്വകാര്യലാഭത്തിനു വേണ്ടി പരസ്യപ്രചരണമോ ചില താളുകളില്‍ കൂട്ടിച്ചേര്‍ത്തെന്നുവരും. എന്നാലും ആ താളുകള്‍‍ ശ്രദ്ധിക്കുന്നവര്‍ അവയെല്ലാം പെട്ടന്നുതന്നെ മാച്ചു കളയുന്നു. ഇംഗ്ലീഷ് വിക്കിപീഡിയ ഇത്തരം പ്രശ്നങ്ങളില്‍ നിന്നു പൂര്‍വ്വസ്ഥിതിയിലെത്തുവാന്‍ എത്ര സമയം എടുക്കുന്നു എന്നറിയുവാന്‍ വിക്കിമീഡിയ ഓര്‍ഗനൈസേഷന്‍ ഒരു ടെസ്റ്റു നടത്തി. അഞ്ചുമിനിറ്റിനുള്ളില്‍ അനാശ്യാസമായ എഡിറ്റുകളെല്ലാം പൂര്‍വ്വസ്ഥിതിയിലായി. ഒരു വലിയ സന്നദ്ധസമൂഹം ഇതിനു പിന്നിലുണ്ടെങ്കിലേ ഇതൊക്കെ സാധ്യമാ‍വുകയുള്ളൂ. എന്നാല്‍ അതൊട്ട്‌ അപ്രാപ്യമല്ല താനും. ഇംഗ്ലീഷ് വിക്കിപീഡിയ കാണിച്ചു തരുന്നതതാണ്
മലയാളം വിക്കിപീഡിയയില്‍ ഇതു വാന്‍ഡലിസത്തിന്റെ കാലം
മലയാളം വിക്കിപീഡിയയില്‍ ഇതു വാന്‍ഡലിസത്തിന്റെ കാലമാണ്.ഇക്കഴിഞ്ഞ ഒരാഴ്ചയായി ചില ഉപയോക്താക്കള്‍ തന്നെ ലോഗിന്‍ ചെയ്യാതെയും ചെയ്തും ചില നല്ല ലേഖനങ്ങളില്‍ അനാവശ്യമായി മാറ്റങ്ങള്‍ വരുത്തുകയും ,മറ്റു ഉപയോക്താക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്ന സ്ഥിതി വന്നതിന്റെ ഫലമായി അവരെ വിലക്കിയതിന്റെ വൈരാഗ്യം തീര്‍ക്കുന്നതാണ് ഈ വാന്‍ഡലിസം.

Monday, December 17, 2007

നോളും വിക്കിപീഡിയയും

The web contains an enormous amount of information, and Google has helped to make that information more easily accessible by providing pretty good search facilities. But not everything is written nor is everything well organized to make it easily discoverable. There are millions of people who possess useful knowledge that they would love to share, and there are billions of people who can benefit from it. We believe that many do not share that knowledge today simply because it is not easy enough to do that.

ഇത് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലെ എറ്റവും പുതിയ പോസ്റ്റിന്റെ ആദ്യഭാഗമാണ്. വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ശരിയായ രീതിയിലല്ല വിതരണം ചെയ്യപ്പെടുന്നത് എന്നും,അതു പങ്കുവെക്കുന്നതില്‍ അപാകതകള്‍ ഉണ്ടെന്നും ഉള്ള തിരിച്ചറിവില്‍ നിന്നാണ് ഗൂഗിള്‍ കോര്‍പ്പറേഷന്‍ നോള്‍(Knol) എന്ന ഒരു പുതിയ സങ്കേതവുമായി രംഗത്തു വന്നത്.തങ്ങളുടെ അറിവിലുള്ള വിജ്ഞാന ശകലങ്ങള്‍ മറ്റുള്ളവരുമായി പങ്കു വെക്കുന്നതിന് താല്പര്യമുള്ള ഉപയോക്താക്കളെ സഹായിക്കാനായിട്ടാണ് ഇത്തരമൊരു സങ്കേതവുമായി ഗൂഗിള്‍ രംഗത്തെത്തിയിട്ടുള്ളത്.ഇതിന്റെ ബീറ്റ റിലീസ് ക്ഷണിക്കപ്പെട്ട യൂസേര്‍സിനായി ഗൂഗിള്‍ നല്‍കിക്കഴിഞ്ഞു.

നോളിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് കാണുക

നോളിന്റെ സ്ക്രീന്‍ ഷോട്ട്

നോളിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ഗൂഗിള്‍ പറയുന്നത് അത് ലേഖനം അല്ലെങ്കില്‍ വിജ്ഞാനശകലം എഴുതുന്ന യൂസര്‍ക്ക് നല്‍കുന്ന പ്രധാന്യമാണ് .ഗൂഗില്‍ ബ്ലോഗിലെ ഈ ഭാഗം കാണുക

The key idea behind the knol project is to highlight authors. Books have
authors' names right on the cover, news articles have bylines, scientific
articles always have authors -- but somehow the web evolved without a strong
standard to keep authors names highlighted. We believe that knowing who wrote
what will significantly help users make better use of web content.

വിക്കിപീഡിയക്കോ അതു പോലുള്ള മറ്റു ഇന്റര്‍നെറ്റ് വിജ്ഞാനകോശങ്ങള്‍ക്കോ ഇല്ലാത്ത ഈ പ്രത്യേകത എടുത്തു കാട്ടിയാണ് ഗൂഗിള്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പോകുന്നത്.ഗൂഗിളില്‍ നല്‍കിയ സ്ക്രീന്‍ ഷോട്ട് വിവരങ്ങള്‍ അനുസരിച്ച് ഓരോ യൂസര്‍ക്കും അവരുടെതായ പേജ് നോള്‍ വെബ്‌സ്പെയ്സില്‍ ഉണ്ടാകുമെന്നും,അവര്‍ അവരുടെ വിജ്ഞാന ശകലങ്ങള്‍ അവരുടെ പേജില്‍ നല്‍കുമെന്നുമാണ്. അതായത് എന്റെ പേജില്‍ കേരളത്തെക്കുറിച്ച് എനിക്കറിയാവുന്ന വിവരങ്ങളും,മറ്റൊരാള്‍ക്ക് അയാളുടെതായ വിവരങ്ങളും.

At the heart, a knol is just a web page; we use the word "knol" as the name of the project and as an instance of an article interchangeably. It is well-organized, nicely presented, and has a distinct look and feel, but it is still just a web page. Google will provide easy-to-use tools for writing, editing, and so on, and it will provide free hosting of the content. Writers only need to write; we'll do the rest

നോള്‍ വിക്കിപീഡിയക്ക് ഒരു ഭീഷിണി ആണെന്നാണ് ബൂലോകത്തെ ഇപ്പോഴത്തെ ചൂടുള്ള വാര്‍ത്ത.പല പത്രങ്ങളും,ബ്ലോഗുകളുംനോള്‍ വിക്കിപീഡിയക്ക് ഒരു ഭീഷിണിയാണെന്ന പ്രസ്താവനയുമായി രംഗത്തു വന്നു കഴിഞ്ഞു...



Thursday, December 13, 2007

എന്താണ് വിക്കിപീഡിയ

വിക്കിപീഡിയ (Wikipedia) എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം ഉണ്ടാക്കാനുള്ള കൂട്ടായ സംരംഭമാണ്. വിക്കിപീഡിയയിലെ ഉള്ളടക്കം ഗ്നു(GNU) Free Documentation License-നാല്‍‍ നിയ്രന്തിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍‍ വിക്കിപീഡിയ എല്ലാകാലവും സ്വതന്ത്രവും സൗജന്യവും ആയിരിക്കും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന്‌ ഉപയോക്താക്കള്‍ത്തന്നെയാണ്‌ വിക്കിപീഡിയയിലെ ലേഖനങ്ങള്‍ എഴുതുന്നത്‌. വിക്കിപീഡിയ വെബ്‌ പേജില്‍ ലേഖനങ്ങളെഴുതാനും അവ തിരുത്തുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൗകര്യവും നല്‍കുന്ന വിക്കിസോഫ്‌റ്റ്‌വെയര്‍ എന്ന സംവിധാനമാണ്‌ ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം 2001 ജനുവരി 15നാണ് വിക്കിപീഡിയ പ്രൊജക്റ്റിനു തുടക്കംകുറിച്ചത്‌. വിദഗ്ദ്ധന്മാര്‍ ലേഖനങ്ങളെഴുതിയ നൂപീഡിയഎന്ന വെബ്‌ വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായാണ്‌ വിക്കിപീഡിയ ആരംഭിച്ചത്‌. അതിശയമെന്നു പറയട്ടെ, ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെയും കടത്തി വെട്ടിയ വിക്കിപീഡിയ, കാലാന്തരത്തില്‍ തനതുവ്യക്തിത്തമുള്ള സ്വതന്ത്രവിജ്ഞാനകോശമായിമാറി. വിക്കിമീഡിയ ഫൌണ്ടേഷന്‍ എന്ന ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ ഇപ്പോള്‍ വിക്കിപീഡിയയെ നിയന്ത്രിക്കുന്നത്‌.
229 ഭാഷകളില്‍ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. പതിനെട്ടുലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ പതിപ്പാണ്‌ ഈ സംരംഭത്തിന്റെ പതാകവാഹക. മലയാളമടക്കം 14 ഇന്ത്യന്‍ഭാഷകളിലും വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നു.
വിക്കിപീഡിയ എന്ന വിശ്വവിജ്ഞാനകോശം
ആര്‍ക്കും എഴുതാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രണേതാവായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 1999-ല്‍ മുന്നോട്ടു വച്ചിരുന്നു. ആ ആശയത്തിനെ പ്രാവര്‍ത്തികമാക്കാനുള്ള ആദ്യശ്രമം റിക്ക് ഗേറ്റ്സിന്റെ ഇന്റര്‍പീഡിയ ആയിരുന്നു. എങ്കിലും അത്‌ പ്ലാനിങ് ഘട്ടം കഴിഞ്ഞ് അധികം മുന്നോട്ടുപോയില്ല.
അതാത് വിഷയങ്ങളിലെ പ്രമുഖരുടെ ലേഖനങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ന്യൂപീഡിയ ആയിരുന്നു അടുത്തത്‌. ജിമ്മി വെയില്‍‌സും സഹായി ലാരി സാങറും ആയിരുന്നു അതിന്റെ ശില്‍പ്പികള്‍. ലേഖനങ്ങളുടെ ഗുണമേന്മയ്ക്കു കൊടുത്തിരുന്ന അമിതപ്രാധാന്യമാവാം, അതിന്റെ വളര്‍ച്ച മെല്ലെയായിരുന്നു. അതുകൊണ്ട്‌, ന്യൂപീഡിയയെ സഹായിക്കാനായി പൊതുജനങ്ങള്‍ക്കെല്ലാം ഒരു പോലെ എഡിറ്റ് ചെയ്യാനാവുന്ന വിക്കിപീഡിയ എന്ന സംരംഭം ജിമ്മി വെയില്‍‌സും സഹായി ലാരി സാങറും ചേര്‍ന്ന് ആരംഭിച്ചു.
വിദഗ്ദ്ധന്മാര്‍ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ് വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായി ആരംഭിച്ച വിക്കിപീഡിയ ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്സൈറ്റിനെയും കടത്തി വെട്ടി കാലാന്തരത്തി തനതുവ്യക്തിത്തമുള്ള ഏറ്റവും വലിയ സ്വതന്ത്രവിജ്ഞാനകോശമായി മാറി.
അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരു സ്വതന്ത്ര ഓണ്‍‌ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. വിക്കിപ്പീഡിയയാണ് ഇന്നുള്ള എറ്റവും വലിയ വിക്കി. 2001 ജനുവരി 15-നാണ് വിക്കിപീഡിയ പ്രൊജക്റ്റിനു തുടക്കംകുറിച്ചത്. ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ തന്നെയാണ് ലാഭേച്ഛയില്ലാതെ വിക്കിപീഡിയയിലെ ലേഖനങ്ങള്‍ എഴുതുന്നത്. വിക്കിപീഡിയ വെബ് പേജില് ലേഖനങ്ങളെഴുതാനും അവ തിരുത്തുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൗകര്യവും നല്കുന്ന വിക്കിസോഫ്റ്റ്വെയര് ആണ് ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം. വളരെയധികം ഉപയോക്താക്കള്‍ തുടര്‍ച്ചയായി വിക്കിപീഡിയ മെച്ചപ്പെടുത്തുന്നുണ്ട്. ആയിരക്കണക്കിനു മാറ്റങ്ങള്‍ ഒരോ മണിക്കൂറിലും അവര്‍‍ നടത്തുന്നുമുണ്ട്. ഈ മാറ്റങ്ങള്‍ എല്ലാംതന്നെ വിക്കിപീഡിയ സൂക്ഷിച്ച് വെക്കുന്നുണ്ട്. അനാവശ്യ മാറ്റങ്ങള്‍ വളരെ പെട്ടെന്നു തന്നെ സാധാരണയായി ഒഴിവാക്കാറുണ്ട്. അതുപോലെ തുടര്‍ച്ചയായി ശല്യപ്പെടുത്തുന്ന നിയമവിരുദ്ധരെ മാറ്റങ്ങള്‍ വരുത്തുന്നതില്‍ നിന്നും തടയാറുണ്ട്.
നിലവില് 229 ഭാഷകളില്‍ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്. മൃതമായി കൊണ്ടിരുന്ന പല ഭാഷകളും ലിപികളും വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങളിലൂടെ പുനര്‍ജീവിച്ചു കൊണ്ടിരിക്കുന്നു. പതിനെട്ടുലക്ഷത്തിലധികം ലേഖനങ്ങളുള്ള വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പാണ് ഈ സംരംഭത്തിന്റെ പതാകവാഹക‍. തുടങ്ങിയ ആദ്യവര്‍ഷത്തില്‍ തന്നെ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. ഇന്ന്‌ ഇംഗ്ലീഷ് വിക്കിപീഡിയയിലെ മാത്രം ലേഖനങ്ങളുടെ എണ്ണം പതിനെട്ടു ലക്ഷത്തില്‍ കൂടുതലാണ്. ഒരു ദിവസം 6 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ഇംഗ്ലീഷ് വിക്കിപീഡിയ റഫര്‍ ചെയ്യുന്നു. മലയാളമടക്കം 21 ഇന്ത്യന്‍ഭാഷകളിലും വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നു. മലയാളം വിക്കിപീഡിയയില്‍ നിലവില്‍ 5020 ഓളം ലേഖനങ്ങള്‍ ഉണ്ട്.
വിക്കിപീഡിയയിലെ ഉള്ളടക്കം ഗ്നു(GNU) Free Documentation License-നാല് നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ വിക്കിപീഡിയയില്‍ ഉള്ളടക്കം എല്ലാക്കാലവും സ്വത്രന്ത്രവും സൗജന്യവും ആയിരിക്കും. ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൌണ്ടേഷന്‍ എന്ന സ്ഥാപനമാണ് ഇപ്പോള്‍ വിക്കിപീഡിയയെ നിയന്ത്രിക്കുന്നത്. എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണ്ണവുമായ വിജ്ഞാനകോശം ഉണ്ടാക്കാനുള്ള കൂട്ടായ ശ്രമമാണ് വിക്കിമീഡിയ ഫൌണ്ടെഷന്റേത്.
വിക്കിപീഡിയ തുടങ്ങിയ കാലത്ത്‌ അതൊരു മഹാപ്രസ്ഥാനമായി മാറുമെന്ന്‌ വിചാരിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. എന്നാലിന്ന്‌, ബ്രിട്ടാണിക്ക എന്‍സൈക്ലോപീഡിയയോടൊപ്പം തന്നെ നില്‍ക്കുന്ന ഒരു സ്വതന്ത്ര, സൌജന്യ വിജ്ഞാനകോശമായി മാറിക്കഴിഞ്ഞു വിക്കിപീഡിയ. ഇത്‌ വെറുതെ പറയുന്നതല്ല. ശാസ്ത്രലോകത്തെ ഏറ്റവും പേരുകേട്ട മാഗസിനായ നേച്ചര്‍ അത്‌ ശാസ്ത്രീയമായ രീതികളുപയോഗിച്ച്‌ സ്ഥിരീകരിച്ചു. അതിങ്ങനെയാണ്: ബ്രിട്ടാണിക്കയിലേയും വിക്കിപീഡിയയിലേയും ലേഖനങ്ങള്‍ എവിടെ നിന്നെടുത്തതാണെന്നറിയിക്കാതെ അതാത്‌ വിഷയങ്ങളിലെ പ്രമുഖരെ കാണിച്ചു. അവയിലെ തെറ്റുകളും കുറവുകളും രേഖപ്പെടുത്തി. അവസാനം കൂട്ടിനോക്കിയപ്പോള്‍ രണ്ടിന്റേയും വിവിധ വിഷയങ്ങളിലെ ശരാശരി സ്കോര്‍ ഒപ്പത്തിനൊപ്പം!
വിക്കിപീഡിയയിലെ ലേഖനങ്ങളുടെ സ്വഭാവം
വിക്കിപീഡിയയിലെ ഒരു ലേഖനത്തിനും കൃത്യമായൊരു രചയിതാവില്ല. അതായത്‌ ഒരു ലേഖനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പലരുണ്ടാവും. അവരുടെ കാഴ്ചപാടുകളും വ്യത്യസ്തമാവും. അതുകൊണ്ടുതന്നെ, എല്ലാവര്‍ക്കും ഒരു പോലെ യോജിക്കാനാവുന്ന ഒരു മധ്യമാ‍ര്‍ഗത്തിനേ വിക്കിയിലെ ലേഖനങ്ങളില്‍ നിലനില്‍പ്പുണ്ടാവൂ. അതായത്‌ വിക്കി വളരെ സ്വാഭാവികമായി തന്നെ നിഷ്പക്ഷത ഉറപ്പാക്കുന്നു. കാശ്മീര്‍, സിന്ധൂനദീതടസംസ്കാരം, ഇസ്രായേല്‍-പാലസ്തീന്‍ എന്നിങ്ങനെയുള്ള ഏറ്റവും കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളില്‍ പോലും ഏറ്റവും നിഷ്പക്ഷമായ സമീപനത്തിന് പേരുകേട്ടതാണ് വിക്കിപീഡിയ. വിക്കിപീഡിയയിലെ വിവരണം മാത്രമേ ഏതു പ്രശ്നത്തിന്റേയും രണ്ടു വശങ്ങളും ഒരുപോലെ വിവരിക്കുന്നുള്ളൂ എന്നു വിശ്വസിക്കുന്നവരിപ്പോള്‍ ഏറി വരികയാണ്. ഇങ്ങനെ അനേകം പേരുടെ കൂട്ടയ്മയില്‍ നിന്നാണ് ഓരോ ലേഖനങ്ങളുടേയും ആധികാരികത ആരുറപ്പാക്കപ്പെടുന്നത്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തെറ്റെഴുതിയാല്‍ തിരുത്താനും ആളുണ്ടെന്നര്‍ഥം.
എല്ലാ ലേഖകരും, എല്ലാ വിവരസ്രോതസ്സുകളും വസ്തുതകളോട് പക്ഷപാതിത്വം ഉള്ളവരായിരിക്കും അതുകൊണ്ടുതന്നെ വലിയൊരു ലേഖകസംഘം തങ്ങളുടെ കാഴ്ചപ്പാടുകള്‍ സ്രോതസ്സുകളുടെ പിന്‍ബലത്തോടെ ഒരു ലേഖനത്തില്‍ അവതരിപ്പിക്കുമ്പോള്‍ ലേഖനത്തിന് സ്വതന്ത്രമായ ഒരു നിഷ്പക്ഷത ലഭിക്കേണ്ടതാണ്. ഇത്തരത്തില്‍ ചേരുന്നതും ചേരാത്തതുമായ വിവിധ കാഴ്ചപ്പാടുകളെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനെ സന്തുലിതമായ കാഴ്ചപ്പാട് എന്നാണ് വിക്കിപീഡിയ സ്വയം വിളിക്കുന്നത്. ഇനി ഒരാള്‍ക്ക് തന്റെ കാഴ്ചപ്പാട് വിക്കിപീഡിയയില്‍ ഇല്ല എന്നു തോന്നിയന്നിരിക്കട്ടെ, അയാള്‍ക്ക് അത് സ്വയം സ്രോതസ്സിന്റെ പിന്‍ബലത്തോടെ വിക്കിപീഡിയയില്‍ ചേര്‍ക്കാവുന്നതാണ്. ചിലര്‍ക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ മറ്റു ചിലര്‍ക്ക് അത് ചീത്തയായി അനുഭവപ്പെട്ടേക്കാം, അതുകൊണ്ട് വിവരങ്ങളെ വസ്തുതകള്‍ ആക്കി ചേര്‍ക്കാനാണ് വിക്കിപീഡിയ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് ജോര്‍ജ്ജ്. ഡബ്ല്യു. ബുഷ്. നല്ലവനാണോ ചീത്തയാണോ എന്ന് വിക്കിപീഡിയയില്‍ നിന്ന് അറിയാന്‍ കഴിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ജനനം മുതലുള്ള എല്ലാ പ്രധാന കാര്യങ്ങളും വിക്കിപീഡിയയില്‍ ഉണ്ടാവും. നിരൂപണങ്ങള്‍ വിക്കിപീഡിയയില്‍ ഉണ്ടാവില്ലന്നര്‍ത്ഥം.
ആര്‍ക്കൊക്കെ വിക്കിയിലെഴുതാം?
പണ്ഡിതനും പാമരനും സംഭാവന ചെയ്യാനും രണ്ടു പേര്‍ക്കും ഒരേ പരിഗണനയും കിട്ടുന്ന ഒരു സംവിധാനം ആണ് വിക്കിപീഡിയയില്‍. ഓണത്തെപ്പറ്റി പത്തുവാചകം എഴുതാന്‍പോരുന്നവരാ‍യാല്‍ വിക്കിയിലേക്കും എന്തെങ്കിലും ഒക്കെ സംഭാവന്‍ ചെയ്യാം. സ്കൂള്‍ കൂട്ടികള്‍ മുതല്‍ ശാസ്ത്രജ്ഞന്മാര്‍ വരെ വിക്കിപീഡിയയില്‍ എഴുതുന്നുണ്ട്. വിക്കിഎഴുതുന്നതെല്ലാം പെര്‍ഫക്റ്റാവണം എന്ന വാശി ആര്‍ക്കും വേണ്ട; പുറകേ വരുന്നവര്‍ തിരുത്തിക്കോളും അല്ലെങ്കില്‍ കൂട്ടിച്ചേര്‍ത്തോളും എന്ന അവബോധം വിക്കിയില്‍ എഴുതുന്ന സാധാരണം ഉപയൊക്താക്കള്‍ക്ക് വലിയൊരാത്മവിശ്വാസം നല്‍കുന്നുണ്ട്‌.
ഒരു പ്രൈമറി സ്ക്കൂള്‍ ടീചര്‍ അവരുടെ സ്കൂളിനെ പറ്റിയെഴുതുന്നു; പ്രൈമറി വിദ്യാ‍ഭ്യാസത്തിന്റെ വിവിധഘട്ടങ്ങളെ പറ്റിയെഴുതുന്നു. ഒരു ബാങ്ക്‌ ജീവനാക്കാരന്‍ ബാങ്കിങ് മേഖലയെ കുറിച്ചും സ്വന്തം ബാങ്കിന്റെ ചരിത്രവും; ഒരു ഡിഗ്രിവിദ്യാര്‍ഥി അവന്‍ പഠിക്കുന്ന വിഷയത്തിലെ ചില വാക്കുകള്‍ എന്താണെന്ന്‌ നിര്‍വചിക്കുന്നു. പാര്‍ട്ടിപ്രവര്‍ത്തകന്‍ നേതാക്കന്മാരുടെ ജീവിതരേഖ കുറിക്കുന്നു. ഒരു വീട്ടമ്മ അന്നുകണ്ട സിനിമ ആരുണ്ടാക്കി, അഭിനയിക്കുന്നവരാരെല്ലാം എന്നെഴുതുന്നു. ഒരു കര്‍ഷകന്‍ കൃഷിയെപറ്റിയുള്ള അനേകം നാട്ടറിവുകള്‍ പങ്കുവയ്ക്കുന്നു... അങ്ങനെ അങ്ങനെ അനേകം ചെറുതുള്ളികള്‍ ചേര്‍ന്നൊരു പെരുമഴയാവുകയാണ്.
പലഭാഷകളിലുള്ള വിക്കിപീഡിയകള്‍
2001 , ജനുവരി 15-നു ഇംഗ്ലീഷിലാണ് ആദ്യ വിക്കിപീഡിയ തുടങ്ങുന്നത്. 2001 മാര്‍ച്ച് 16നു ആരംഭിച്ച ജര്‍മ്മന്‍ ഭാഷയിലുള്ള വിക്കിപീഡിയയാണ് രണ്ടാമത്തെ വിക്കിപീഡിയ. തുടര്‍ന്നുള്ള മാസങ്ങളില്‍ ഫ്രഞ്ച്, ചൈനീസ്, ഡച്ച്, ഹീബ്രു, ഇറ്റാലിയന്‍, റഷ്യന്‍ തുടങ്ങിയ ഭാഷകളില്‍ വിക്കിപീഡിയ ആരംഭിച്ചു.
വര്‍ഷം ഒന്നു കഴിഞ്ഞ് 2002 പകുതി ആയിട്ടും ഒരു ഇന്ത്യന്‍ ഭാഷയില്‍ പോലും വിക്കി ആരംഭിക്കാനുള്ള ശ്രമങ്ങള്‍‍ ഉണ്ടായില്ല. ഈ വഴിക്കുള്ള ആദ്യത്തെ ശ്രമം ഉണ്ടായത് 2002 ജൂണ്‍ മാസത്തില്‍ പഞ്ചാബി, അസ്സാമീസ്, ഒറിയ ഭാഷകളില്‍ ഉള്ള വിക്കിപീഡിയ ആരംഭിച്ചപ്പോഴാണ്. പക്ഷെ നിര്‍ഭാഗ്യകരം എന്നു പറയട്ടെ ഇന്ത്യന്‍ ഭാ‍ഷകളിലെ ആദ്യത്തെ വിക്കിപീഡിയകളായ ഇവ മൂന്നും ഇപ്പോള്‍ നിര്‍ജീവം ആണ്. ഈ മൂന്നു വിക്കിപീഡിയയിലും ലേഖനങ്ങളുടെ എണ്ണം ഇപ്പോഴും 250-ല്‍ താഴെയാണ്. ഈ മൂന്നു ഭാഷകള്‍ കഴിഞ്ഞാല്‍ വേറൊരു ഇന്ത്യന്‍ ഭാഷയില്‍ വിക്കിപീഡിയ ആരംഭിക്കുന്നത് മലയാളത്തിലാണ്.
മലയാളത്തിനു ശേഷം 2003-ഫെബ്രുവരിയില്‍‍ ബീഹാറി, മെയ് 2003-നു മറാഠി, ജൂണ്‍ 2003-നു കന്നഡ, ജൂലൈ 2003-നു ഹിന്ദി, സെപ്തംബര്‍ 2003-നു തമിഴ്, ഡിസംബര്‍ 2003-നു തെലുഗ്, ഗുജറാത്തി, ജനുവരി 2004-നു ബംഗാളി എന്നിങ്ങനെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഉള്ള വിക്കിപീഡിയകള്‍ ആരംഭിച്ചു
നോട്ട്:ഈ ലേഖനം മലയാളം വിക്കിപീഡിയയിലെ വിക്കിപീഡിയ എന്ന ലേഖനത്തിന്റെ പകര്‍പ്പാണ്.ഒരു ആമുഖമായി അവതരിപ്പിച്ചു എന്നു മാത്രം