Sunday, July 20, 2008

മലയാളം വിക്കിപീഡിയക്ക് ഇരട്ടി മധുരം


മലയാളം വിക്കിപീഡിയക്ക് ഇത് ഇരട്ടിമധുരത്തിന്റെ കാലം. 7000 ലേഖനങ്ങള്‍ പിന്നിട്ടതിനൊപ്പം തന്നെ മലയാളം വിക്കിപീഡിയയുടെ പ്രധാന താളിനു പുതിയൊരു മുഖം കൈവന്നിരിക്കുന്നു. മലയാളം വിക്കിപീഡിയയിലെ കാര്യനിര്‍വ്വാഹകന്‍ ആയ സാദിഖ് ഖാലിദ് രൂപകല്‍പ്പന ചെയ്ത പുതിയ പ്രധാന താളില്‍ പതിവായുള്ള തെരഞ്ഞെടുത്ത ലേഖനം,തെരഞ്ഞെടുത്ത ചിത്രം,പുതിയ ലേഖനങ്ങളില്‍ നിന്ന് എന്നിവക്കൊപ്പം പുതിയ ഒരു വിഭാഗമായി സമകാലികം എന്നൊരു പംക്തി കൂടി തുടങ്ങിയിട്ടുണ്ട്. പുതിയ വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിക്കുന്നതിനാണീ പുതിയ വിഭാഗം. മലയാളം വിക്കിപീഡിയയുടെ ഈ പുതിയ പ്രധാന താള്‍ സന്ദര്‍ശിക്കുന്നതായി ഇവിടെ ഞെക്കുക. പുതിയ താളിനെക്കുറിച്ചുള്ള അഭിപ്രായം ക്ഷണിച്ചു കൊള്ളുന്നു.

Saturday, July 19, 2008

മലയാളം വിക്കിപീഡിയയില്‍ 7000 ലേഖനങ്ങള്‍


ഒരു സന്തോഷവാര്‍ത്ത പങ്കു വെക്കുവാനാണ് ഈ പോസ്റ്റ്. മലയാളം വിക്കിപീഡിയ 7000 ലേഖനങ്ങള്‍ പിന്നിട്ടിരിക്കുന്നു. മലയാളത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ കഴിഞ്ഞ 10 മാസങ്ങളായി കൈവരിച്ച വളര്‍ച്ച ഏതൊരു ഇതരഭാഷാ വിക്കിപീഡിയ പ്രവര്‍ത്തകനിലും അസൂയ ഉണ്ടാക്കുന്നവയാണ്. 10 മാസങ്ങള്‍ക്കു മുന്‍പ് 2500 -ല്‍ താഴെ മാത്രം ലേഖനങ്ങളുണ്ടായിരുന്നിടത്താണ് ഇന്ന് 7000 ലേഖനങ്ങള്‍ പിറന്നിരിക്കുന്നത്.

ഇതിനപ്പുറം ഏറ്റവും കൂടുതല്‍ പേജ് ഡെപ്ത് ഉള്ള ഇന്ത്യന്‍ വിക്കിപീഡിയ(113)(വിക്കിപീഡിയ ലേഖനങ്ങളുടെ ഗുണനിലവാരം അളക്കുന്ന ഒരു ഉപാധിയാണ് പേജ് ഡെപ്ത്) , ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്ത ഇന്ത്യന്‍ വിക്കിപീഡിയ (ഇതില്‍ തന്നെ 95% ല്‍ അധികം ചിത്രങ്ങള്‍ക്ക് വ്യക്തമായ പകര്‍പ്പവകാശാനുമതികളും) ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ വിക്കിപീഡിയ(രജിസ്റ്റര്‍ ചെയ്തവര്‍ മാത്രം. ഇതിനു സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ 25-ല്‍ താഴെ മാത്രം) തുടങ്ങിയ ഒട്ടനവധി പ്രത്യേകതകളും മലയാളം വിക്കിപീഡിയക്കുണ്ട്.


ഇന്നത്തെ കണക്കനുസരിച്ച് നീങ്ങുകയാണെങ്കില്‍ മലയാളം വിക്കിപീഡിയ ആറാം പിറന്നാള്‍ ആഘോഷിക്കുന്ന 2008 ഡിസംബര്‍ 20-നു അടുപ്പിച്ചു തന്നെ മലയാളം വിക്കിപീഡിയ 10000 ലേഖനങ്ങള്‍ പിന്നിടുമെന്ന് മലയാളം വിക്കി പ്രവര്‍ത്തകര്‍ കരുതുന്നു.