Sunday, July 20, 2008

മലയാളം വിക്കിപീഡിയക്ക് ഇരട്ടി മധുരം


മലയാളം വിക്കിപീഡിയക്ക് ഇത് ഇരട്ടിമധുരത്തിന്റെ കാലം. 7000 ലേഖനങ്ങള്‍ പിന്നിട്ടതിനൊപ്പം തന്നെ മലയാളം വിക്കിപീഡിയയുടെ പ്രധാന താളിനു പുതിയൊരു മുഖം കൈവന്നിരിക്കുന്നു. മലയാളം വിക്കിപീഡിയയിലെ കാര്യനിര്‍വ്വാഹകന്‍ ആയ സാദിഖ് ഖാലിദ് രൂപകല്‍പ്പന ചെയ്ത പുതിയ പ്രധാന താളില്‍ പതിവായുള്ള തെരഞ്ഞെടുത്ത ലേഖനം,തെരഞ്ഞെടുത്ത ചിത്രം,പുതിയ ലേഖനങ്ങളില്‍ നിന്ന് എന്നിവക്കൊപ്പം പുതിയ ഒരു വിഭാഗമായി സമകാലികം എന്നൊരു പംക്തി കൂടി തുടങ്ങിയിട്ടുണ്ട്. പുതിയ വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിക്കുന്നതിനാണീ പുതിയ വിഭാഗം. മലയാളം വിക്കിപീഡിയയുടെ ഈ പുതിയ പ്രധാന താള്‍ സന്ദര്‍ശിക്കുന്നതായി ഇവിടെ ഞെക്കുക. പുതിയ താളിനെക്കുറിച്ചുള്ള അഭിപ്രായം ക്ഷണിച്ചു കൊള്ളുന്നു.

Saturday, July 19, 2008

മലയാളം വിക്കിപീഡിയയില്‍ 7000 ലേഖനങ്ങള്‍


ഒരു സന്തോഷവാര്‍ത്ത പങ്കു വെക്കുവാനാണ് ഈ പോസ്റ്റ്. മലയാളം വിക്കിപീഡിയ 7000 ലേഖനങ്ങള്‍ പിന്നിട്ടിരിക്കുന്നു. മലയാളത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ കഴിഞ്ഞ 10 മാസങ്ങളായി കൈവരിച്ച വളര്‍ച്ച ഏതൊരു ഇതരഭാഷാ വിക്കിപീഡിയ പ്രവര്‍ത്തകനിലും അസൂയ ഉണ്ടാക്കുന്നവയാണ്. 10 മാസങ്ങള്‍ക്കു മുന്‍പ് 2500 -ല്‍ താഴെ മാത്രം ലേഖനങ്ങളുണ്ടായിരുന്നിടത്താണ് ഇന്ന് 7000 ലേഖനങ്ങള്‍ പിറന്നിരിക്കുന്നത്.

ഇതിനപ്പുറം ഏറ്റവും കൂടുതല്‍ പേജ് ഡെപ്ത് ഉള്ള ഇന്ത്യന്‍ വിക്കിപീഡിയ(113)(വിക്കിപീഡിയ ലേഖനങ്ങളുടെ ഗുണനിലവാരം അളക്കുന്ന ഒരു ഉപാധിയാണ് പേജ് ഡെപ്ത്) , ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്ത ഇന്ത്യന്‍ വിക്കിപീഡിയ (ഇതില്‍ തന്നെ 95% ല്‍ അധികം ചിത്രങ്ങള്‍ക്ക് വ്യക്തമായ പകര്‍പ്പവകാശാനുമതികളും) ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ വിക്കിപീഡിയ(രജിസ്റ്റര്‍ ചെയ്തവര്‍ മാത്രം. ഇതിനു സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ 25-ല്‍ താഴെ മാത്രം) തുടങ്ങിയ ഒട്ടനവധി പ്രത്യേകതകളും മലയാളം വിക്കിപീഡിയക്കുണ്ട്.


ഇന്നത്തെ കണക്കനുസരിച്ച് നീങ്ങുകയാണെങ്കില്‍ മലയാളം വിക്കിപീഡിയ ആറാം പിറന്നാള്‍ ആഘോഷിക്കുന്ന 2008 ഡിസംബര്‍ 20-നു അടുപ്പിച്ചു തന്നെ മലയാളം വിക്കിപീഡിയ 10000 ലേഖനങ്ങള്‍ പിന്നിടുമെന്ന് മലയാളം വിക്കി പ്രവര്‍ത്തകര്‍ കരുതുന്നു.

Monday, April 28, 2008

വിക്കിപീഡിയയും ചിത്രങ്ങളും

വിക്കിപീഡിയ വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങളുടെ മാത്രമല്ല ചിത്രങ്ങളുടെയും ഒരു ശേഖരം കൂടിയാണ്. ലേഖനത്തിനു സഹായകരമാകുന്ന രീതിയില്‍ ഉള്ള നല്ല ചിത്രങ്ങള്‍ വിക്കിപീഡിയയില്‍ അനുമതികളോടെ അപ്‌ലോഡ് ചെയ്യാവുന്നതാണ്. അതിനായി ആദ്യം വിക്കിപീഡിയയില്‍ ഒരു അംഗത്വം ആവശ്യമാണ്. അംഗത്വം എടുത്ത ആര്‍ക്കും വിക്കിപീഡിയയില്‍ വ്യക്തമായ അനുമതി പത്രങ്ങളോടെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാം.
വിക്കിപീഡിയയില്‍ അപ്‌ലോഡ് ചെയ്ത ചിത്രങ്ങള്‍ അല്ലാതെ മറ്റു വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത ചിത്രങ്ങള്‍ വിക്കിപീഡിയയില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. സാധാരണ ഉപയോഗിച്ചു വരുന്ന
a href=“”.. [url] തുടങ്ങിയ ടാഗുകള്‍ വിക്കിപീഡിയയില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.
വിക്കിപീഡിയയില്‍ ഒരു ചിത്രം അപ്‌ലോഡ് ചെയ്യുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.
വിക്കിപീഡിയയില്‍ ചിത്രങ്ങള്‍ അപ്‌‌ലോഡ് ചെയ്യുമ്പോള്‍ പാലിക്കേണ്ട കീഴ്‌വഴക്കങ്ങള്‍
1. ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ അതിനു യോജിച്ച പകര്‍പ്പവകാശ ടാഗുകള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തുക. സംശയമുണ്ടെങ്കില്‍ ഒരു കാരണവശാലും പകര്‍പ്പവകാശമുള്ള ചിത്രങ്ങള്‍ വിക്കിപീഡിയയില്‍ ഉള്‍ക്കൊള്ളിക്കാതിരിക്കുക.
2. ചിത്രങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാനുള്ള സ്ഥലത്ത് പ്രസ്തുത ചിത്രം എവിടെ നിന്നെടുത്തുവെന്നും (യു.ആര്‍.എല്‍, ഛായാഗ്രാഹകന്റെ പേര് തുടങ്ങിയവ) വ്യക്തമായി രേഖപ്പെടുത്തുക. സ്ക്രീന്‍ഷോട്ടുകള്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ ഏതു ചിത്രത്തിന്റെ സ്ക്രീന്‍ഷോട്ടാണെന്നും വ്യക്തമാക്കണം. പകര്‍പ്പവകാശം സംബന്ധിച്ചുള്ളതോ മറ്റേതെങ്കിലും കടപ്പാടുകളോ ചിത്രത്തില്‍ തന്നെ രേഖപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക.
3. ചിത്രത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ രേഖപ്പെടുത്തുക. അടിക്കുറിപ്പ്, ചിത്രം എടുത്ത സ്ഥലം തുടങ്ങിയവ രേഖപ്പെടുത്തിയാല്‍ മാത്രമേ പിന്നീടുവരുന്നവര്‍ക്ക് അവ വ്യക്തമായി ഉപയോഗിക്കാനാകൂ.
4. ചിത്രത്തിനു നല്‍കുന്ന പേര്‍്‌ (ഫയല്‍ നെയിം) അല്പം നീണ്ടുപോയാലും വ്യക്തമാക്കുവാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ നല്‍കുന്ന ഫയല്‍ നെയിമില്‍ വേറേ ഏതെങ്കിലും ചിത്രങ്ങള്‍ നിലവിലുണ്ടെങ്കില്‍ അതിനുപകരമായി നിങ്ങളുടെ ചിത്രം ചേര്‍ക്കപ്പെടും. ഇതിനാല്‍ പേര്‍്‌ (ഫയല്‍ നെയിം) സശ്രദ്ധയോടെ നല്‍കുക.
5. ചിത്രത്തിന്റെ ഉയര്‍ന്ന നിലവാരമുള്ള പതിപ്പുതന്നെ (അവ ന്യായോപയോഗ മാനദണ്ഡത്തിലുള്ളതല്ലെങ്കില്‍) ചേര്‍ക്കുവാന്‍ ശ്രദ്ധിക്കുക. 20 മെഗാബൈറ്റ്സ് വരെയുള്ള ചിത്രങ്ങള്‍ വിക്കിപീഡിയ സ്വീകരിക്കും.
6. ബന്ധപ്പെട്ട വിഷയം വ്യക്തമാകുന്ന വിധത്തില്‍ ചിത്രം എഡിറ്റ് ചെയ്യുക. വിഷയത്തില്‍ നിന്നും ശ്രദ്ധതിരിച്ചേക്കാവുന്ന ഭാഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതാണ്‌ നല്ലത്.
7. രേഖപ്പെടുത്തലുകളുള്ള ചിത്രങ്ങളോ, ഭൂപടങ്ങളോ ചേര്‍ക്കുമ്പോള്‍ രേഖപ്പെടുത്തലുകളില്ലാത്ത ഒരു പതിപ്പുകൂടി ചേര്‍ക്കാന്‍ശ്രമിക്കുക. ഇതര ഭാഷാ വിക്കിപീഡിയകള്‍ക്ക് ഇതു സഹായകമാകും.
8. വിന്‍ഡോസ് BMP ഫോര്‍മാറ്റിലുള്ള ചിത്രങ്ങള്‍ ചേര്‍ക്കാതിരിക്കാന്‍ ശ്രമിക്കുക. അവ സെര്‍വറിന്റെ സ്ഥലമപഹരിക്കും. (jpg, png തുടങ്ങി കമ്പ്രസ്‌ഡ് ഫോര്‍മാറ്റുകള്‍ ആണ്‌ അനുയോജ്യം)
9. ഭയാനകവും മറ്റുള്ളവരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതുമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക. പൊതുവേ ഗോപ്യമായിക്കരുതേണ്ട ചിത്രങ്ങള്‍ (ഉദാ: ലൈംഗിക കേളികള്‍, ശരീരാവയവങ്ങള്‍) അത്യാവശ്യഘട്ടങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടിവരുമ്പോള്‍ വിക്കിപീഡിയ സമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തിനുശേഷം മാത്രം ഉള്‍പ്പെടുത്തുക.
ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍

വിക്കിപീഡിയയില്‍ ചിത്രങ്ങള്‍ ചേര്‍ക്കുന്നതിനു മുന്‍പ് താഴെപ്പറയുന്ന കാര്യങ്ങള്‍ ഉറപ്പാക്കുക

* ചിത്രത്തിന്റെ ഉടമ നിങ്ങള്‍തന്നെയാണ്‌;
* അല്ലെങ്കില്‍ ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് എതിരല്ലെന്നു നിങ്ങള്‍ക്കു തെളിയിക്കാനാകും;
* അതുമല്ലെങ്കില്‍ ചിത്രം പൊതുസഞ്ചയത്തില്‍ (പബ്ലിക് ഡൊമെയ്ന്‍) ഉള്ളതാണെന്നു തെളിയിക്കാനാകും;
* അതുമല്ലെങ്കില്‍ ഈ ചിത്രം വിക്കിപീഡിയയില്‍ ന്യായോപയോഗ പരിഗണനകള്‍ പ്രകാരം ഉപയോഗിക്കാവുന്നതാണെന്നു നിങ്ങള്‍ കരുതുന്നുണ്ട്.

ചിത്രങ്ങള്‍ക്കു യോജിച്ച പകര്‍പ്പവകാശ ടാഗും ചിത്രത്തെ സംബന്ധിച്ച അവശ്യവിവരങ്ങളും ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കുക. ചിത്രത്തിനൊപ്പം ചേര്‍ക്കേണ്ട അവശ്യവിവരങ്ങള്‍ താഴെപ്പറയുന്നവയാണ്.

വിവരണം: ചിത്രത്തിന്റെ വിഷയം
ഉറവിടം: പകര്‍പ്പവകാശ ഉടമയെ സംബന്ധിച്ച വിവരങ്ങള്‍ അല്ലെങ്കില്‍ അതുള്‍ക്കൊള്ളുന്ന യുആര്‍എല്‍
തീയതി: ചിത്രമെടുത്ത തീയതി.
സ്ഥലം: ചിത്രമെടുത്ത സ്ഥലം.
സ്രഷ്ടാവ്: ചിത്രത്തിന്റെ ഉടമയല്ലെങ്കില്‍ അതെടുത്തയാളുടെ (ഛായാഗ്രാഹകന്റെ) പേര്.
അനുമതി: വിക്കിപീഡിയയിലെ ഉപയോഗത്തെ സാധൂകരിക്കുന്ന പകര്‍പ്പവകാശ ടാഗ്.
ഇതര പതിപ്പുകള്‍‍: ചിത്രത്തിന്റെ ഇതരപതിപ്പുകള്‍ (നിര്‍ബന്ധമില്ല)
തിരഞ്ഞെടുത്ത ചിത്രങ്ങള്‍
ഇങ്ങനെ ഓരോ ഉപയോക്താവും അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ വിക്കിപീഡിയ അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണെങ്കില്‍ തിരഞ്ഞെടുത്ത ചിത്രമാക്കാനായി സമര്‍പ്പിക്കാം. സമര്‍പ്പിച്ച ചിത്രങ്ങളില്‍ മറ്റു ഉപയോക്താക്കള്‍ അഭിപ്രായം രേഖപ്പെടുത്തുകയും അവ അനുകൂലമാണെങ്കില്‍ തിരഞ്ഞെടുക്കുകയും ചെയ്യും. ഇങ്ങനെ തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ വിക്കിപീഡിയയുടെ പ്രധാന താളില്‍ ഒരു ദിവസം ഉണ്ടാകും. അതോടൊപ്പം ചിത്രത്തെയും അതുള്‍പ്പെടുത്തിയ ലേഖനത്തെയും പറ്റി ഒരു ചെറുവിവരണം ഉണ്ടായിരിക്കും. കൂടാതെ ആ ചിത്രത്തിന് ഛായഗ്രഹണം നിര്‍വ്വഹിച്ച വ്യക്തിയുടെ പേരും ഉണ്ടാകും.

നിങ്ങള്‍ക്കും നിങ്ങളുടെ കൈവശമുള്ള ചിത്രങ്ങള്‍ വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യാം. വ്യക്തമായ അനുമതിപത്രങ്ങളോടെ.

Saturday, March 15, 2008

തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങള്‍

വിക്കിപീഡിയയില്‍ ഏറെക്കുറെ പൂര്‍ണ്ണമായ ഉള്ളടക്കവും, കൃത്യതയും ഉള്ള ലേഖനങ്ങള്‍ വിക്കിപീഡിയയിലെ അംഗങ്ങള്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കുന്നു. ഇത്തരം ലേഖനങ്ങളെയാണ് തിരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന് പറയുന്നത്. ഈ ലേഖനം ഇപ്പോള്‍ മലയാളം വിക്കിപീഡിയയുടെ പ്രധാന താളില്‍ 15 ദിവസം ഉണ്ടാകും. ഇപ്പോള്‍ നിലവിലുള്ള തിരഞ്ഞെടുത്ത ലേഖനം ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ആണ്.

ഒരു സമ്പൂര്‍ണ്ണ ലേഖനം പിറക്കുന്നു


ഒരു ലേഖനം തിരഞ്ഞെടുത്ത ലേഖനം ആവുന്നതിനു മുന്‍പ് വിക്കിപീഡിയര്‍ ഈ ലേഖനത്തില്‍ ധാരാളം തിരുത്തലുകള്‍ വരുത്തുന്നു. ലേഖനത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ചേര്‍ത്ത് ലേഖനം സമ്പൂര്‍ണ്ണമാക്കുന്നതിനും എല്ലാ ചെറുതും വലുതുമായ തെറ്റുകള്‍ തിരുത്തുന്നതിനും വിക്കിപീഡിയര്‍ ശ്രദ്ധിക്കുന്നു. ലേഖനത്തിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഗ്രന്ഥങ്ങളെയും മറ്റ് വിജ്ഞാന ശ്രോതസ്സുകളെയും കുറിച്ചുള്ള വിവരങ്ങളും വിക്കിപീഡിയര്‍ ലേഖനത്തിനു അവലംബമായി ചേര്‍ക്കുന്നു. ലേഖനത്തിനു ആവശ്യമായ ചിത്രങ്ങളും ചേര്‍ക്കുമ്പോള്‍ വിജ്ഞാനപ്രദമായ ഒരു സമ്പൂര്‍ണ്ണലേഖനം പിറക്കുകയായി.

തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങള്‍ക്കായി ഒരു ബ്ലോഗ്


മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ക്കു മാത്രമായി ഒരു മലയാളം വിക്കിപീഡിയന്‍ ആയ ലബീബ് ഒരു ഫീഡ് ബ്ലോഗ് ഉണ്ടാക്കിയിട്ടുണ്ട്. ഇതാണ് ബ്ലോഗ് വിലാസം

ഒരു സ്വപ്നം


മലയാളം വിക്കിപീഡിയയില്‍ കൂടുതല്‍ ലേഖനങ്ങള്‍ തിരഞ്ഞെത്തവ ആയി ഉയര്‍ത്തേണ്ടതുണ്ട്. ഒരു കൂട്ടായ്മയിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളൂ. ഇംഗ്ലീഷ് വിക്കിപീഡിയയിലെ പോലെ എല്ലാ ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങള്‍ മാറ്റുന്ന ദിവസം സ്വപ്നം കാണുകയാണ് മലയാളം വിക്കിപീഡിയര്‍. അങ്ങനെ സ്വതന്ത്രവും സമ്പൂര്‍ണ്ണവുമായി ഒരു മലയാള വിജ്ഞാനകോശമായി മലയാളം വിക്കിപീഡിയയെ വളര്‍ത്താം.

Saturday, January 12, 2008

വിക്കിപീഡിയ വാരഫലം

മലയാളം വിക്കിപീഡിയയില്‍ കഴിഞ്ഞ ആഴ്ച(06/01/2008 മുതല്‍ 12/01/2008 വരെ) വന്ന മികച്ച അഞ്ച് ലേഖനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള ഒരു ശ്രമം ആണിത്.ഈ തിരഞ്ഞെടുപ്പ് എന്റെ വ്യക്തിപരമായ കാഴ്ചപ്പാടില്‍ നിന്നു കൊണ്ടു മാത്രമാണ്.മറ്റൊരു മാനദണ്ഡവും ഇതില്‍ സ്വീകരിച്ചിട്ടില്ല.

1. അസ്സീസിയിലെ ഫ്രാന്‍സിസ്
1182-ല്‍ ജനിച്ച റോമന്‍ കത്തോലിക്കാസഭയിലെ വിശുദ്ധനും ഫ്രാന്‍സിസ്കന്‍ സംന്യാസസഭകളുടെ സ്ഥാപകനുമായ ആസ്സീസിയിലെ ഫ്രാന്‍സിസിനെക്കുറിച്ചാണ് ഈ ലേഖനം.അസ്സീസിയിലെ ഫ്രാന്‍സിസിനെക്കുറിച്ചുള്ള ഏകദേശ വിവരങ്ങള്‍ ഒക്കെ ഈ ലേഖനത്തിലുണ്ട്.ജനനം,ബാല്യകാല ജീവിതം,അങ്ങനെ ഒട്ടു മിക്ക കാര്യങ്ങളും ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.വിശുദ്ധ പദവി എന്ന ഭാഗം ശ്രദ്ധിക്കുക.


ജീവിച്ചിരിക്കെത്തന്നെ വിശുദ്ധനെന്നു പരക്കെ ഘോഷിക്കപ്പെട്ട ഫ്രാന്‍സിസ്
വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെടുന്നതിനു അധികം താമസമുണ്ടായില്ല. ഗ്രിഗറി
ഒന്‍പതാമന്‍ മാര്‍പ്പാപ്പ 1228-ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ന്
കത്തോലിക്കാ സഭ അദ്ദേഹത്തെ മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും മദ്ധ്യസ്ഥനായും വണങ്ങുന്നു.


2.അറബി ഭാഷ
അറബി ഭാഷയെക്കുറിച്ച് ഏകദേശ വിവരങ്ങള്‍ നല്‍കുന്ന ഈ ലേഖനത്തില്‍ അറബി ഭാഷയിലുള്ള 28 അക്ഷരങ്ങള്‍ പട്ടികയായി കൊടുത്തിരിക്കുന്നു.“ഹാരിഫ് മലയാളം?”(മലയാളം അറിയുമോ?) തുടങ്ങി നിത്യ ജീവിതത്തില്‍ ഉപയോഗിക്കേണ്ട അറബിപ്പദങ്ങളും,അറബി ഔദ്യോഗിക ഭാഷയായുള്ള രാജ്യങ്ങളുടെ വിവരങ്ങളും ഈ ലേഖനത്തിലുണ്ട്.
3.ഫ്രീ ബി.എസ്.ഡി.


യൂണിക്സിനോട്‌ സാമ്യമുള്ള ഒരു സൗജന്യ ഓപറേറ്റിംഗ്‌ സിസ്റ്റമായ ഫ്രീ ബി.എസ്‌.ഡി യെക്കുറിച്ചാണ് ഈ ലേഖനം.ലേഖനത്തില്‍ ഈ ഡിസ്ട്രിബ്യൂസനെക്കുറിച്ചുള്ള വളരെച്ചെറിയ വിവരണം മാത്രമേ ഉള്ളൂ.പുറത്തേക്കുള്ള കണ്ണികളും,ഇതര ഭാഷാ കണ്ണികളും കൊടുത്ത് ആവശ്യക്കാര്‍ക്ക് വിവര സമ്പാദനത്തിനായുള്ള വഴികളും ലേഖനത്തിലുണ്ട്.

4.കുളച്ചല്‍ യുദ്ധം
കുളച്ചല്‍ യുദ്ധത്തെപ്പറ്റിയുള്ള നല്ല ഒരു ചെറിയ ലേഖനമാണിത്.ഇത്തരം ലേഖനങ്ങള്‍ വികസിപ്പിക്കേണ്ടത് മലയാളം അറിയുന്ന ഒരോ മലയാളിയുടെയും കടമയാണ്.
5.ടാറ്റാ നാനോ
ഇന്നു ബിസിനസ് ലോകം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ടാറ്റാ മോട്ടോര്‍സ് പുറത്തിറക്കിയ ടാറ്റാ നാനോ എന്ന കാറിനെപ്പറ്റിയും ഒരു ലേഖനം മലയാളം വിക്കിപീഡിയയിലുണ്ട്.ഈ കാറിന്റെ സവിസേഷതകളൊക്കെ ഇവിടെ ലഘുവായി വിവരിച്ചിട്ടുണ്ട്.തെലുഗിനു ശേഷം ഈ വിവരത്തെപ്പറ്റി ഒരു ലേഖനം വന്ന വിക്കിപീഡിയ മലയാളം വിക്കിപീഡിയയാണ്.

ചിത്രങ്ങള്‍ക്കു കടപ്പാട്:മലയാളം വിക്കിപീഡിയ