Saturday, December 29, 2007

വാന്‍ഡലിസം

ദുരുദ്ദേശത്തോടുകൂടി വിക്കിപീഡിയയില്‍ മോശമായ തിരുത്തലുകള്‍ നടത്തുന്നതിനാണ് വാന്‍ഡലിസം എന്നുപറയുക. ആര്‍ക്കും വിക്കിപീഡിയയില്‍ എഴുതാവുന്നതുകൊണ്ട് നല്ല ലേഖനങ്ങള്‍ ചില ഉപയോക്താക്കള്‍ വന്ന് പാടേ മായ്ച്ചുകളയുന്നതും, പരസ്പരബന്ധമില്ലാത്ത കാര്യങ്ങളും തമാശകളും എഴുതിവെക്കുന്നതും, ലേഖനങ്ങളില്‍ അശ്ലീല ചിത്രങ്ങള്‍ ചേര്‍ക്കുന്നതും ഒക്കെ വാന്‍ഡലിസത്തിന് ഉദാഹരണമാണ്. വാന്‍ഡലിസം കാണിക്കുന്ന ഉപയോക്താവിന് അങ്ങനെ ചെയ്യരുത് എന്ന് മറ്റു വിക്കിപീഡിയര്‍ താക്കീതു കൊടുക്കുന്നു. താക്കീതുകള്‍ കേള്‍ക്കാതെ വീണ്ടും ദുഷ്:പ്രവര്‍ത്തി തുടരുകയാണെങ്കില്‍ ഈ ഉപയോക്താവിനെ ഏതെങ്കിലും അഡ്മിന്മാര്‍ വീണ്ടും തിരുത്തുകള്‍ നടത്തുന്നതില്‍ നിന്നും തടയുന്നു.

പലപ്പോഴും പുതിയ ഉപയോക്താക്കള്‍ തങ്ങള്‍ക്ക് തിരുത്തലുകള്‍ വരുത്താന്‍ പറ്റുമോ എന്ന് പരീക്ഷിച്ചുനോക്കാന്‍ താളുകളില്‍ അര്‍ത്ഥമില്ലാത്ത തിരുത്തലുകള്‍ നടത്തി നോക്കാറുണ്ട്. ഇത് വാന്‍ഡലിസം അല്ല. മറ്റ് വിക്കിപീഡിയര്‍ സാധാരണയായി ഇത്തരം തിരുത്തലുകളോട് സഹിഷ്ണുക്കള്‍ ആണ്.

വിക്കിപീഡിയയില്‍ ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്ത് തിരുത്തലുകള്‍ നടത്താന്‍ സൌകര്യമുണ്ട്. കൂടുതലും വാന്‍ഡലിസം വരുന്നത് ലോഗിന്‍ ചെയ്യാത്ത ഉപയോക്താക്കളില്‍ നിന്നാണ് (അജ്ഞാത ഉപയോക്താക്കള്‍ എന്ന് ഇവരെ വിളിക്കുന്നു). വാന്‍ഡലിസം തടയുവാനായി അജ്ഞാത ഉപയോക്താക്കള്‍ക്ക് വിക്കിപീഡിയയില്‍ ചിത്രങ്ങള്‍ ചേര്‍ക്കാനോ പുതിയ ലേഖനങ്ങള്‍ തുടങ്ങുവാനോ ഉള്ള അനുമതി ഇല്ല. എന്നാല്‍ ഇവര്‍ക്ക് ഉള്ള ലേഖനങ്ങളില്‍ തിരുത്തലുകള്‍ നടത്തുവാനും ലേഖനങ്ങള്‍ മെച്ചപ്പെടുത്തുവാനും സാധിക്കും. പല ഉപയോക്താക്കളും ലോഗിന്‍ ചെയ്യാതെ തിരുത്തലുകള്‍ നടത്തുവാന്‍ ഇഷ്ടപ്പെടുന്നു. വിക്കിപീഡിയ ഇവരെ തടയുന്നില്ല.

വിക്കിപീഡിയയില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നല്ല. ചിലപ്പോഴെല്ലാം ചില സാമൂഹ്യവിരുദ്ധര്‍ സത്യവിരുദ്ധമായ വസ്തുതകളും സ്വകാര്യലാഭത്തിനു വേണ്ടി പരസ്യപ്രചരണമോ ചില താളുകളില്‍ കൂട്ടിച്ചേര്‍ത്തെന്നുവരും. എന്നാലും ആ താളുകള്‍‍ ശ്രദ്ധിക്കുന്നവര്‍ അവയെല്ലാം പെട്ടന്നുതന്നെ മാച്ചു കളയുന്നു. ഇംഗ്ലീഷ് വിക്കിപീഡിയ ഇത്തരം പ്രശ്നങ്ങളില്‍ നിന്നു പൂര്‍വ്വസ്ഥിതിയിലെത്തുവാന്‍ എത്ര സമയം എടുക്കുന്നു എന്നറിയുവാന്‍ വിക്കിമീഡിയ ഓര്‍ഗനൈസേഷന്‍ ഒരു ടെസ്റ്റു നടത്തി. അഞ്ചുമിനിറ്റിനുള്ളില്‍ അനാശ്യാസമായ എഡിറ്റുകളെല്ലാം പൂര്‍വ്വസ്ഥിതിയിലായി. ഒരു വലിയ സന്നദ്ധസമൂഹം ഇതിനു പിന്നിലുണ്ടെങ്കിലേ ഇതൊക്കെ സാധ്യമാ‍വുകയുള്ളൂ. എന്നാല്‍ അതൊട്ട്‌ അപ്രാപ്യമല്ല താനും. ഇംഗ്ലീഷ് വിക്കിപീഡിയ കാണിച്ചു തരുന്നതതാണ്
മലയാളം വിക്കിപീഡിയയില്‍ ഇതു വാന്‍ഡലിസത്തിന്റെ കാലം
മലയാളം വിക്കിപീഡിയയില്‍ ഇതു വാന്‍ഡലിസത്തിന്റെ കാലമാണ്.ഇക്കഴിഞ്ഞ ഒരാഴ്ചയായി ചില ഉപയോക്താക്കള്‍ തന്നെ ലോഗിന്‍ ചെയ്യാതെയും ചെയ്തും ചില നല്ല ലേഖനങ്ങളില്‍ അനാവശ്യമായി മാറ്റങ്ങള്‍ വരുത്തുകയും ,മറ്റു ഉപയോക്താക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്ന സ്ഥിതി വന്നതിന്റെ ഫലമായി അവരെ വിലക്കിയതിന്റെ വൈരാഗ്യം തീര്‍ക്കുന്നതാണ് ഈ വാന്‍ഡലിസം.

4 comments:

chithrakaran ചിത്രകാരന്‍ said...

അനൂപന്‍,
നല്ല കാര്യം. നന്ദി.

ദിലീപ് വിശ്വനാഥ് said...

വാന്‍ഡലിസം എന്നാല്‍ വിക്കീപ്പീഡിയയില്‍ വരുത്തുന്ന തിരുത്തലുകള്‍ മാത്രമല്ല. എന്തു നശീകരണപ്രവര്‍ത്തിയേയും വാന്‍ഡലിസം എന്നു തന്നെയാണ് പറയുന്നത്.

അനൂപന്‍ said...

വാല്‍മീകി....ഇതു വിക്കിപീഡിയക്കു വേണ്ടിയുള്ള സൈറ്റ് ആയതിനാലാണ് വിക്കി വാന്‍ഡലിസത്തെ പറ്റി മാത്രം ഇവിടെ പറഞ്ഞത്.

ദിലീപ് വിശ്വനാഥ് said...

പക്ഷെ ആ ആദ്യ വരി വായനക്കാരില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കും. വാന്‍ഡലിസം എന്താണെന്ന് പറഞ്ഞിട്ട് വിക്കിയിലെ വാന്‍ഡലിസത്തിലേക്ക് വന്നാല്‍ കൊള്ളാമായിരുന്നു.